ഇന്ത്യക്കാർ വൃത്തിയില്ലാത്തവരെന്ന് ധാരണ’; ഉസ്ബെക്കിസ്ഥാനിലെ അനുഭവം പങ്കുവെച്ച് മലയാളി യാത്രികൻ

എഴുതിയത്: അകം ന്യൂസ് ഡെസ്ക്
ഇന്ത്യക്കാർ വൃത്തിയില്ലാത്തവരെന്ന് ധാരണ’; ഉസ്ബെക്കിസ്ഥാനിലെ അനുഭവം പങ്കുവെച്ച് മലയാളി യാത്രികൻ

തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിലെ താഷ്കന്റിൽ ഒരു യുവതിയുമായി നടത്തിയ സംഭാഷണത്തിനിടെ അവർഇന്ത്യക്കാരെക്കുറിച്ച് പറഞ്ഞ പൊതുധാരണകൾ സാമൂഹ്യമാധ്യമത്തിൽ തുറന്നുപറഞ്ഞ് തിരുവനന്തപുരം സ്വദേശിയായ ‘ഹിച്ച് ഹൈക്കിങ്ങ് നൊമാഡ്’ എന്ന പേരിൽ യാത്ര ചെയ്യുന്ന മാഹിൻ .

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താഷ്കന്റിൽ നിന്നുള്ള അനുഭവംതുറന്ന് പറഞ്ഞത് . കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്.

കിർഗിസ്ഥാന്റെ എംബസിയിൽ വിസ സംബന്ധമായ ആവശ്യങ്ങൾക്കായി എത്തിയപ്പോഴാണ് യുവതിയെ പരിചയപ്പെട്ടതെന്ന് മാഹിൻ പറയുന്നു. വഴികാട്ടാനും സഹായിക്കാനുമെത്തിയ യുവതിയുമായി പിന്നീട് സൗഹൃദത്തിലാവുകയും അടുത്ത ദിവസം വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സിനിമ കാണാനുള്ള പദ്ധതി മാറ്റിവച്ച് നഗരത്തിലൂടെ നടക്കുകയും പിന്നീട് ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തതിനിടെയാണ് സംഭാഷണം വ്യക്തിപരമായ വിഷയങ്ങളിലേക്കും വിവാഹം, സംസ്കാരം തുടങ്ങിയ കാര്യങ്ങളിലേക്കും നീണ്ടത്.

ഭാവിയിൽ വിവാഹം കഴിക്കുകയാണെങ്കിൽ തുർക്കിക്കാരനെ വിവാഹം കഴിക്കാനാണ് താൽപര്യമെന്ന് യുവതി പറഞ്ഞതായാണ് മാഹിന്റെ കുറിപ്പ്. കാരണം ചോദിച്ചപ്പോൾ തുർക്കി സംസ്കാരവുമായി കൂടുതൽ ചേർന്നുനിൽക്കാൻ കഴിയുമെന്നാണ് തോന്നുന്നതെന്നായിരുന്നു മറുപടി.

തുടർന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള പൊതുധാരണ എന്താണെന്ന് മാഹിൻ ചോദിച്ചു. അപ്പോഴാണ് ഇന്ത്യക്കാരെക്കുറിച്ച് തനിക്ക് വൃത്തിയില്ലാത്തവരെന്ന ധാരണയുണ്ടെന്ന് യുവതി പറഞ്ഞതായും, ശരീരശുചിത്വം കുറവായിരിക്കുമെന്നും പെരുമാറ്റം ചിലപ്പോൾ പരുക്കനായി തോന്നുമെന്നും പറഞ്ഞതായും മാഹിൻ കുറിച്ചു. മുമ്പ് ഇന്ത്യക്കാരിയായ ഒരാളോടൊപ്പം ജോലി ചെയ്തപ്പോഴും സമാനമായ അനുഭവം ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞതായി കുറിപ്പിലുണ്ട്.

“അപ്പോൾ എന്നെ ആദ്യമായി കണ്ടപ്പോഴും അങ്ങനെ തന്നെയാണോ തോന്നിയത്?” എന്ന മാഹിന്റെ ചോദ്യത്തിന്, “നിങ്ങളെ കണ്ടപ്പോൾ നിങ്ങൾ ഇന്ത്യക്കാരനാണെന്ന് പോലും തോന്നിയില്ല” എന്നായിരുന്നു യുവതിയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു.

ഈ മറുപടി തന്നെ സന്തോഷിപ്പിച്ചതിനേക്കാൾ കൂടുതൽ ചിന്തിപ്പിച്ചുവെന്നാണ് മാഹിന്റെ വിലയിരുത്തൽ. കാരണം അത് ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിപ്രായമല്ലെന്നും, ഇന്ത്യക്കാരെക്കുറിച്ച് രൂപപ്പെട്ടിരിക്കുന്ന ഒരു പൊതുധാരണയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ഒരൊറ്റ സംസ്കാരമല്ലെന്നും നൂറുകണക്കിന് ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും ഉൾക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യയെന്നും മാഹിൻ കുറിപ്പിൽ പറയുന്നു. ഒരു മലയാളിയുടെ ജീവിതരീതി മറ്റൊരു സംസ്ഥാനക്കാരന്റേതുമായി പൂർണമായും ഒരുപോലെയാകണമെന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇന്ത്യക്കാരെക്കുറിച്ച് ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന നെഗറ്റീവ് സ്റ്റീരിയോടൈപ്പുകൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് പറയാനും കഴിയില്ലെന്നാണ് മാഹിന്റെ നിലപാട്. വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരായതിന്റെ പേരിൽ തന്നെ തനിക്ക് ചില അസ്വസ്ഥമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

മാൾട്ടയിൽ ഇന്ത്യക്കാരനാണെന്ന കാരണത്താൽ ഒരു ക്ലബ്ബിൽ പ്രവേശനം നിഷേധിച്ച അനുഭവവും അസർബൈജാനിൽ മറ്റൊരു മലയാളി സുഹൃത്തിനൊപ്പം സമാനമായ അനുഭവമുണ്ടായതും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. യാത്രകളിൽ പരിചയപ്പെട്ട മറ്റു ചില ഇന്ത്യക്കാരും ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ഇതിന്റെ മറുവശവും താൻ അനുഭവിച്ചിട്ടുണ്ടെന്ന് മാഹിൻ വ്യക്തമാക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ത്യക്കാരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സ്വീകരിക്കുന്നവരുണ്ടെന്നും, അഫ്ഗാനിസ്ഥാനിൽ ഇന്ത്യക്കാരനെന്ന നിലയിൽ ലഭിച്ച സ്നേഹവും ആതിഥ്യവും മറക്കാനാവാത്തതാണെന്നും അദ്ദേഹം കുറിച്ചു.

“ലോകം നമ്മളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ അറിയണം. നല്ല കാര്യങ്ങൾ നിലനിർത്തുകയും മോശം ധാരണകൾക്ക് കാരണമാകുന്ന ശീലങ്ങൾ തിരുത്തുകയും ചെയ്യേണ്ടത് നമ്മളൊക്കെയാണ്” എന്ന സന്ദേശത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

വിദേശത്ത് ഓരോ ഇന്ത്യക്കാരനും പലപ്പോഴും സ്വന്തം വ്യക്തിത്വത്തിനൊപ്പം രാജ്യത്തെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന ഓർമ്മപ്പെടുത്തലാണ് മാഹിന്റെ കുറിപ്പിന്റെ പ്രധാന സന്ദേശം. എന്നാൽ ഇന്ത്യക്കാരെക്കുറിച്ച് പൊതുവായ വിലയിരുത്തലുകൾ നടത്തുന്നത് ശരിയല്ലെന്ന വാദവും, വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാരുടെ പെരുമാറ്റവും ശുചിത്വശീലങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന വാദവും ഉൾപ്പെടെ വ്യത്യസ്ത പ്രതികരണങ്ങളാണ് കുറിപ്പിന് താഴെ ഉയരുന്നത്.

താഷ്കന്റിലെ ഒരു വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള ആഗോള ധാരണകളിലേക്കുള്ള ചർച്ചയായി മാറിയിരിക്കുകയാണ് മാഹിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.